ഒരു ദുഃഖ കഥ
വേദനയോടെ പറയട്ടെ, തിന്മ ദീര്‍ഘകാലം മുടപ്പെട്ടുകിടന്നത് - അനേക സ്ത്രീകളെ പുരുഷന്മാര് ബലംപ്രയോഗിച്ച് മാനഭംഗപ്പെടുത്തിയത് - വെളിച്ചത്തിലേക്കു വന്നു. തലക്കെട്ടുകള്‍ക്കു പുറകെ തലക്കെട്ടുകള്‍ വായിച്ചപ്പോള്‍ എന്റെ ഹൃദയം നിരാശയാല്‍ നിറഞ്ഞു, പ്രത്യേകിച്ചു കുറ്റാരോപിതരായ രണ്ടു പുരുഷന്മാര് ഞാന്‍ ആദരിക്കുന്നവരായിരുന്നു. ഈ വിഷയത്തില്‍ സഭ പോലും തെറ്റിന് അതീതമല്ല.
ദാവീദ് രാജാവ് തന്റെ തന്നെ കുറ്റത്തെയാണ് അഭിമുഖീകരിച്ചത്. ശമൂവേല്‍ നമ്മോടു പറയുന്നത് ഒരു ഉച്ചകഴിഞ്ഞ സമയത്ത് ദാവീദ് 'ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു' (2 ശമൂവേല്‍ 11:2) എന്നാണ്. ദാവീദ് അവളെ മോഹിച്ചു. ബേത്ത്ശേബാ തന്റെ വിശ്വസ്ത പടയാളികളില്‍ ഒരുവന്റെ (ഊരിയാവ്) ഭാര്യയായിരുന്നിട്ടും ദാവീദ് അവളെ പ്രാപിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന് ബേത്ത്ശേബാ ദാവീദിനോടു പറഞ്ഞപ്പോള്‍, അവന് ഭയപ്പെട്ടു. വഞ്ചനയുടെ ഒരു നികൃഷ്ട പ്രവൃത്തിയിലൂടെ ഊരിയാവ് യുദ്ധമുന്നണിയില്‍ മരിക്കത്തക്കവിധം യോവാബുമായി അവന് പദ്ധതി തയ്യാറാക്കി.
ബേത്ത്ശേബയ്ക്കും ഊരിയാവിനുമെതിരെ ദാവീദ് നടത്തിയ അധികാര ദുര്‍വിനിയോഗം മറവായിരുന്നില്ല. നാം അതു കാണണമെന്ന് ഉറപ്പിച്ച് ശമൂവേല്‍ അതു ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ പാപങ്ങളോട് നാം ഇടപെടണം.
മാത്രമല്ല, നാം ആ കഥകള്‍ കേള്‍ക്കുന്നത്, നമ്മുടെ കാലഘട്ടത്തില്‍ നാം അധികാരത്തെ ദുര്‍വിനിയോഗം ചെയ്യാതെ സൂക്ഷിക്കേണ്ടതിനാണ്. ദാവീദ് ''ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യന്'' ആയിരുന്നു (പ്രവൃ. 13:22), അപ്പോള്‍ തന്നെ തന്റെ പ്രവൃത്തികള്‍ക്ക് ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ട വ്യക്തിയുമായിരുന്നു. നാമും പ്രാര്‍ത്ഥനയോടെ നമ്മുടെ നേതാക്കളെ അവര്‍ അധികാരം എങ്ങനെ ഉപയോഗിക്കുന്നു അല്ലെങ്കില്‍ ദുര്‍വിനിയോഗം ചെയ്യുന്നു എന്നതിന് കണക്കുബോധിപ്പിക്കേണ്ടവരാക്കേണം.
ദൈവത്തിന്റെ കൃപയാല്‍, വീണ്ടെടുപ്പു സാധ്യമാണ്. നാം മുന്നോട്ടു വായിച്ചാല്‍, ദാവീദിന്റെ ശരിയായ മാനസാന്തരം നാം കാണും (2 ശമൂവേല്‍ 12:13). കഠിന ഹൃദയങ്ങള്‍ ഇപ്പോഴും മരണത്തില്‍നിന്നും ജീവനിലേക്കു തിരിയുന്നതിനായി സ്തോത്രം.
ലിങ്കന്റെ പോക്കറ്റിലെ വസ്തുക്കള്‍
1865 ല്‍ ഫോര്‍ഡ് തിയറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയില്‍ അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്നവ ഇവയാണ്: രണ്ടു കണ്ണടകള്‍, ലെന്‍സ് പോളീഷര്‍, ഒരു പേനാക്കത്തി, ഒരു തൂവാല, ഒരു ലെതര്‍ പേഴ്സും അതില്‍ അഞ്ചു ഡോളര്‍ കോണ്‍ഫെഡറേറ്റ് നോട്ടും, തന്നെയും തന്റെ പോളിസികളെയും പുകഴ്ത്തുന്ന എട്ട് പത്ര കട്ടിംഗുകള്‍.
പ്രസിഡന്റിന്റെ പോക്കറ്റില്‍ കോണ്‍ഫെഡറേറ്റ് ഡോളറിന് എന്താണു കാര്യം എന്നു ഞാന്‍ അത്ഭുതപ്പെടുന്നു എങ്കിലും പത്ര വാര്‍ത്തയെ സംബന്ധിച്ച് എനിക്കു സംശയമേ ഉണ്ടായിരുന്നില്ല. എല്ലാവര്ക്കും പ്രോത്സാഹനം ആവശ്യമാണ് - ലിങ്കണെപ്പോലെയുള്ള ഒരു മഹാനായ നേതാവിനു പോലും. ആ നിര്‍ണ്ണായകമായ നാടകീയ രംഗങ്ങള്‍ക്കു മുമ്പ് അദ്ദേഹം തന്റെ ഭാര്യയെ അവ വായിച്ചുകേള്‍പ്പിക്കുന്ന രംഗം നിങ്ങള്‍ക്കു കാണാനാകുമോ?
പ്രോത്സാഹനം ആവശ്യമുള്ള ആരെയാണ് നിങ്ങള്‍ക്കറിയാവുന്നത്? എല്ലാവരും! നിങ്ങളുടെ ചുറ്റും നോക്കുക. പുറമെ പ്രകടിപ്പിക്കുന്നതുപോലെ ആത്മവിശ്വാസം ഉള്ള ഒരു വ്യക്തിപോലും കാണുകയില്ല. നമ്മുടെയെല്ലാം ഒരു ദിവസത്തെ വിജയത്തെ ഒരു പരാജയമോ, അനാവശ്യമായ ഒരു കമന്റോ, മോശമായ മുടി ചീകലോ ഇല്ലാതാക്കും.
'നമ്മില്‍ ഓരോരുത്തന് കൂട്ടുകാരനെ, നന്മയ്ക്കായി ആത്മിക വര്‍ദ്ധനയ്ക്കു വേണ്ടി
പ്രസാദിപ്പിക്കണം' (റോമര്‍ 15:2) എന്ന ദൈവകല്പ്പനയെ നാമെല്ലാം അനുസരിച്ചാല്‍ എന്തു സംഭവിക്കും? 'മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും' ആയ 'ഇമ്പമുള്ള വാക്കു' (സദൃശവാക്യങ്ങള്‍ 16:24) മാത്രമേ സംസാരിക്കൂ എന്നു നാമെല്ലാം തീരുമാനിച്ചാല്‍ എന്തു സംഭവിക്കും? സ്നേഹിതന്മാര് വായിച്ച് ചിന്തിക്കത്തക്കവിധം ഈ വാക്കുകള്‍ നാം എഴുതിയാല്‍ എന്തു സംഭവിക്കും? എങ്കില്‍ നമ്മുടെ എല്ലാം പോക്കറ്റില്‍ (അല്ലെങ്കില്‍ ഫോണില്‍) കുറിപ്പുകള്‍ ഉണ്ടാകും. നാമെല്ലാം 'തന്നില്‍ തന്നേ പ്രസാദിക്കാതിരുന്ന' (റോമര്‍ 15:3) ക്രിസ്തുവിനോടു കൂടുതല്‍ അനുരൂപരാകും.
നിയന്ത്രണം എന്ന മിത്ഥ്യാബോധം
എല്ലെന്‍ ലാംഗെറിന്റെ 1975 ലെ പഠനമായ ദി ഇല്യൂഷന്‍ ഓഫ് കണ്ട്രോള് (നിയന്ത്രണം എന്ന മിഥ്യാബോധം), ജീവിതത്തിലെ സംഭവങ്ങളുടെമേല്‍ നാം ചെലുത്തുന്ന നിയന്ത്രണത്തിന്റെ അളവിനെ പരിശോധിച്ചു. മിക്ക സാഹചര്യങ്ങളിലും നമ്മുടെ നിയന്ത്രണത്തിന്റെ അളവിനെ നാം പെരുപ്പിച്ചുകാണിക്കുകയാണെന്ന് അവള് കണ്ടെത്തി. യാഥാര്‍ത്ഥ്യം എങ്ങനെയാണ് നമ്മുടെ മിഥ്യാബോധത്തെ തകര്‍ക്കുന്നതെന്നും അവള് വെളിപ്പെടുത്തി.
പഠനം പ്രസിദ്ധീകരിച്ചശേഷം മറ്റുള്ളവര്‍ നടത്തിയ പരീക്ഷണങ്ങളും ലാംഗെറിന്റെ കണ്ടെത്തലുകളെ സ്ഥിരീകരിച്ചു. എന്നിരുന്നാലും അവള് ആ പേര് ഇടുന്നതിനും വളരെ മുമ്പുതന്നെ ഈ പ്രതിഭാസത്തെ യാക്കോബ് തിരിച്ചറിഞ്ഞിരുന്നു. യാക്കോബ് 4 ല്‍ അവന് എഴുതി, 'ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍; നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന് എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ' (വാ. 13-14).
തുടര്‍ന്ന് സമ്പൂര്‍ണ്ണ നിയന്ത്രണമുള്ളവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ മിത്ഥ്യാബോധത്തിന് ഒരു പരിഹാരവും യാക്കോബ് നിര്‍ദ്ദേശിക്കുന്നു: 'കര്ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്' (വാ. 15). ഈ ചുരുക്കം വാക്യങ്ങളില്‍, മനുഷ്യന്റെ പരാജയപ്പെടുന്ന നിയന്ത്രണത്തെയും അതിന്റെ പരിഹാരത്തെയും സംഗ്രഹിച്ചിരിക്കുന്നു.
നമ്മുടെ ഭാവി നമ്മുടെ കൈയിലല്ലെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയട്ടെ. സകലത്തെയും ദൈവം തന്റെ ശക്തിയുള്ള കരങ്ങളില്‍ വഹിച്ചിരിക്കയാല്‍, അവന്റെ പദ്ധതികളില്‍ നമുക്കാശ്രയിക്കാം.
വേഷപ്രച്ഛന്ന യേശു
എന്റെ മകന് ജ്യോഫ് അടുത്തെയിടെ ഒരു 'ഭവനരഹിത സിമുലേഷ'നില് പങ്കെടുത്തു. മൂന്നു പകലും രണ്ടു രാത്രികളിലും അവന്റെ നഗരത്തിലെ തെരുവുകളില്‍ അവന് ജീവിച്ചു, മരവിപ്പിക്കുന്ന തണുപ്പില്‍ വെളിയില്‍ കിടന്നുറങ്ങി. ആഹാരമോ, പണമോ, കിടപ്പാടമോ ഇല്ലാതെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അപരിചിതരുടെ കാരുണ്യത്തിനു കൈനീട്ടി അവന് ജീവിച്ചു. ആ ദിവസങ്ങളിലൊന്നില്‍ അവന്റെ ആഹാരം സാന്ഡ്വിച്ച് മാത്രമായിരുന്നു, ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ വെച്ച് അവന് ഭക്ഷണത്തിനു കെഞ്ചുന്നതു കണ്ട് ഒരാള്‍ വാങ്ങിക്കൊടുത്തതായിരുന്നു അത്.
താന്‍ ചെയ്തതില്‍ ഏറ്റവും കഠിനമായ കാര്യമായിരുന്നു അത് എന്ന് ജ്യോഫ് പിന്നീടെന്നോടു പറഞ്ഞു, എങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ അത് അടിസ്ഥാനപരമായി സ്വാധീനിച്ചു എന്നവന് പറഞ്ഞു. തന്റെ 'സിമുലേഷനു' ശേഷമുള്ള ദിനങ്ങളില്‍, താന്‍ തെരുവിലായിരുന്ന സമയത്ത് തന്നോടു കരുണ കാണിച്ച ഭവനരഹിതരെ അവന് തിരഞ്ഞു കണ്ടുപിടിച്ച് ചെറിയ ചെറിയ വഴികളിലൂടെ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. അവന് യഥാര്‍ത്ഥത്തില്‍ ഭവനരഹിതനല്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ അത്ഭുതപ്പെടുകയും അവരുടെ കണ്ണിലൂടെ അവരുടെ ജീവിതത്തെ നോക്കിക്കാണാന്‍ അവന് മനസ്സുവെച്ചതില്‍ നന്ദിപറയുകയും ചെയ്തു.
എന്റെ മകന്റെ അനുഭവം യേശുവിന്റെ വാക്കുകള്‍ മനസ്സിലേക്കു കൊണ്ടുവന്നു: '... നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണുവാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു....എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില് ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തു' (മത്തായി 25:36, 40). നാം കൊടുക്കുന്നത് ഒരു പ്രോത്സാഹന വാക്കായാലും ഒരു ദിവസത്തേക്കുള്ള ആഹാരസാധനങ്ങളായാലും മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സ്നേഹപൂര്‍വ്വം കരുതാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ കരുണ അവനോടുള്ള കരുണയാണ്.
ദൈവത്തിന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുക
സഭാ ഓഡിറ്റോറിയം സംഗീത മുഖരിതമാകെ, വര്‍ണ്ണാന്ധതയുള്ള കലാകാരന് ലാന്‍സ് ബ്രൗണ്‍ സ്റ്റേജിലേക്കു വന്നു. സദസ്സിനു പുറംതിരിഞ്ഞ് ഒരു വലിയ വെള്ള ക്യാന്‍വാസിനു മുമ്പില്‍ നിന്നുകൊണ്ട് തന്റെ ബ്രഷ് കറുത്ത പെയിന്റില്‍ മുക്കി. ചില വരകള്കൊണ്ട് ഒരു ക്രൂശ് പൂര്‍ത്തിയാക്കി.തന്റെ കരവും ബ്രഷും വീണ്ടും വീണ്ടും പ്രയോഗിച്ച് യേശുവിന്റെ ക്രൂശീകരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ചിത്രീകരിച്ചു. വലിയ ക്യാന്‍വാസില്‍ കറുത്ത ചായം കൊണ്ട് തലങ്ങും വിലങ്ങും വരയ്ക്കുകയും നീലയും വെള്ളയും ഉപയോഗിച്ച് രൂപരഹിത പശ്ചാത്തലം മെനയുകയും ചെയ്ത് ആറു മിനിട്ടുകൊണ്ട് ചിത്രം പൂര്‍ത്തിയാക്കി. അദ്ദേഹം ക്യാന്‍വാസ് പൊക്കിയെടുത്ത് തലതിരിച്ച് ഒരു മറഞ്ഞിരുന്ന ചിത്രം കാണിച്ചു-കരുണാര്‍ദ്രമായ ഒരു മുഖം - യേശു.
ഒരു സഭാ ആരാധനയില്‍ അതിവേഗം പെയിന്റു ചെയ്യാന്‍ ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വിമുഖനായിരുന്നുവെന്ന് ബ്രൗണ്‍ പറഞ്ഞു. എങ്കിലും ഇപ്പോഴദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ച് പെയിന്റു ചെയ്തും യേശുക്രിസ്തുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞും ആളുകളെ ആരാധനയിലേക്കു നയിക്കുന്നു.
ദൈവം തന്റെ ജനത്തിനു പകര്‍ന്നുകൊടുത്ത വിവിധങ്ങളായ വരങ്ങളുടെ മൂല്യവും ഉദ്ദേശ്യവും പൗലൊസ് ഊന്നിപ്പറയുന്നു. തന്റെ കുടുംബത്തിലെ ഓരോ അംഗവും കര്‍ത്താവിനെ മഹത്വപ്പെടുത്താനും സ്നേഹത്തില്‍ മറ്റുള്ളവരെ പണിയുവാനും ആയി സജ്ജരാക്കപ്പെട്ടിരിക്കുന്നു (റോമര്‍ 12:3-5). ഉത്സാഹത്തോടെയും സന്തോഷത്തോടെയും മറ്റുള്ളവരെ സേവിച്ചുകൊണ്ട് അവരെ വളര്‍ത്തുവാനും യേശുവിലേക്കു നയിക്കുവാനും നമ്മുടെ വരങ്ങളെ മനസ്സിലാക്കി ഉപയോഗിക്കുവാന്‍ പൗലൊസ് ആഹ്വാനം ചെയ്യുന്നു (വാ. 6-8).
പിന്നണിയില്‍നിന്നുകൊണ്ടോ അല്ലെങ്കില്‍ മുന്‍നിരയില്‍ നിന്നുകൊണ്ടോ പൂര്‍ണ്ണ ഹൃദയത്തോടെ ശുശ്രൂഷ ചെയ്യുന്നതിനായി ദൈവം നമ്മിലോരോരുത്തര്‍ക്കും ആത്മീയ വരങ്ങളും താലന്തുകളും പ്രാപ്തികളും അനുഭവ പരിചയവും നല്‍കിയിട്ടുണ്ട്. നാം അവന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുമ്പോള്‍ സുവിശേഷം വ്യാപിപ്പിക്കുവാനും മറ്റു വിശ്വാസികളെ സ്നേഹത്തില്‍ വളര്‍ത്തിയെടുക്കുവാനും അവന് നമ്മുടെ അതുല്യതയെ ഉപയോഗിക്കും.